Thalappoli Mahotsavam

മകരം 15 മുതല്‍ 20 വരെ ആണ് എല്ലാ വര്‍ഷവും നായരമ്പലം ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. പണ്ട് ഈ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം ബ്രാഹ്മണരുടെ അധീനതയില്‍ ആയിരുന്നു. ഇത് പിന്നീടു നായന്മാരായ കരപ്രമാണിമാരുടെ പക്കല്‍ ദേവീ നിര്‍ദ്ദേശമനുസരിച്ച് അവര്‍ തന്നെ കൈമാറുകയായിരുന്നു. മകരം 15 നാണ് ഈ കൈമാറ്റം നടന്നതെന്നാണ് വിശ്വാസം. അതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് മകരം 15 മുതല്‍ 20 വരെ താലപ്പൊലി ഉത്സവം നടത്തുന്നത്.

ലഘു ചരിത്രം

പ്രസിദ്ധമായ പട്ടേരി മനയിലെ ബ്രാഹ്മണന്‍ തന്റെ കുടുംബത്തില്‍ സര്‍വൈശ്വര്യ ദായികയായ സാക്ഷാല്‍ ദുര്‍ഗ്ഗാ ദേവിയെ ആരാധിച്ചു പോന്നിരിന്നുവത്രേ. കാലാന്തരത്തില്‍ തദ്ദേശീയരായ ബ്രാഹ്മണര്‍ ക്ഷയിക്കുകയും ദേശം വിട്ടു പോകാന്‍ നിര്‍ബന്ധിതരയെങ്കിലും കുലദേവതയെ വിട്ടു പോകാന്‍ പട്ടേരിമനയിലെ ഈ ബ്രാഹ്മണ ശ്രേഷ്ഠന് മനസ്സ് വന്നില്ല. ഈ ദേശത്ത് തന്നെ കുടി കൊള്ളാനാണ് തന്റെ ആഗ്രഹം എന്ന് ബ്രാഹ്മണനോട് സ്വപ്ന ദര്‍ശനത്തിലൂടെ ദേവി അരുള്‍ ചെയ്തു. അതനുസരിച്ച് പിറ്റേന്ന് തന്നെ കരപ്രമാണിമാരായ നായന്മാരെ തന്റെ കുടുംബ ദേവതയെ ഏല്‍പ്പിച്ച ശേഷം ബ്രാഹ്മണന്‍ ദേശം വിട്ടുപോയി. ഏറെക്കാലം തന്റെ തറവാട്ടിലെ അറയില്‍ വച്ച് പൂജിച്ച ദേവീ വിഗ്രഹം പിന്നീട് ദേശക്കാര്‍ക്ക് കൂടി ദേവീ ചൈതന്യവും അനുഗ്രഹവും ലഭിക്കുവാന്‍ വേണ്ടി പുനപ്രതിഷിക്കുകയത്രേ ചെയ്തത്.

ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിനകത്ത് നടക്കുന്ന ബ്രാഹ്മണിപ്പാട്ടോടെ ആണ് ഉത്സവ ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. ഓട്ടുകിണ്ടിയില്‍ തിരുവുടയാടയും വാല്‍കണ്ണാടിയും വച്ച് ദേവീ ചൈതന്യം വാളിലേക്ക് ആവാഹിക്കുന്നു. തുടര്‍ന്ന് ബ്രാഹ്മണിയമ്മ വിഘ്നേശ്വരനെ സ്തുതിക്കുന്നു. തുടര്‍ന്ന് ഓട്ടു കിണ്ണത്തില്‍ കൊട്ടി ദേവീ സ്തുതികള്‍ ആലപിക്കുന്നു. കന്യകാ ക്ഷേമത്തിനും നെടുമംഗല്യത്തിനും വിവാഹതടസ്സം നീങ്ങുന്നതിനും ബ്രാഹ്മണിപ്പാട്ട് വഴിപാടായും നടത്താറുണ്ട്‌. ശ്രീ പാര്‍വ്വതിയുടെ ദാസിമാരായിട്ടാണ് ബ്രാഹ്മണിയമ്മമാര്‍ അറിയപ്പെടുന്നത്.
ബ്രാഹ്മണി പ്പാട്ടിനു അവസാനം ദേവിയെ കൊട്ടിയറിയിപ്പോടെ തീയാട്ടുണ്ണി കളത്തിലേക്ക്‌ ആനയിക്കുന്നു. ആദ്യദിവസം പത്മമിട്ട് ആവാഹിച്ച ശേഷമാണ് പൂജ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാകപ്പൊടി, അരിപ്പൊടി, മഞ്ഞള്‍പ്പൊടി, ചുണ്ണാമ്പ്, മഞ്ഞള്‍ കലര്‍ത്തിയ ചുവന്ന പൊടി എന്നീ പൊടികളാല്‍ ദേവീ രൂപത്തിന്റെ കളം തീര്‍ക്കുന്നു. ഉത്സവത്തിന്റെ ആദ്യ രണ്ടു ദിനങ്ങളില്‍ തീര്‍ക്കുന്ന കളത്തില്‍ ദേവീ രൂപത്തിന് നാല് കൈകളും തുടര്‍ന്ന് എട്ടും അവസാന ദിവസം പതിനാറും കൈകള്‍ കളത്തിലെ ദേവീ രൂപത്തില്‍ കാണാം. തീയാട്ടുണ്ണി കളത്തില്‍ തിരി ഉഴിഞ്ഞു പൂജ നടത്തിയ ശേഷം ദേവീ സ്തുതികള്‍ ആലപിക്കുന്നു.
മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കൊടിയേറ്റ് ഉണ്ടാവാറില്ല. തീയാട്ടോടെ ആണ് ഇവിടെ ഉത്സവം സമാരംഭിക്കുന്നത്. ദാരിക വധത്തിനു ശേഷം ഭദ്രകാളി കൈലാസത്തിലെ ചെന്ന് തന്റെ പിതാവായ സാക്ഷാല്‍ ശ്രീ പരമേശ്വരനോട് ആ കഥ പറയുന്നതാണ് തീയാട്ടിന്റെ ഇതിവൃത്തം. ഭക്തിയും കലയും സമ്മേളിക്കുന്ന ഒരു മനോഹരമായ ഒരു ക്ഷേത്ര കലയാണ് തീയാട്ട്.
ഇവിടത്തെ മഹോത്സവം താലപ്പൊലി മഹോത്സവം എന്നാണ് അറിയപ്പെടുന്നത്. ദേവിയുടെ പ്രധാന ഉപാസകരായ ധീവര സമുദായക്കാരും ഇതര സമുദായക്കാരും ദേവിയെ വണങ്ങാനും ആരാധിക്കാനുമായി ഉത്സവകാലത്ത് താലസമര്‍പ്പണം നടത്തുന്നത് കൊണ്ടാണ് താലപ്പൊലി മഹോത്സവം എന്ന് ഉത്സവം അറിയപ്പെടുന്നത്.

അവലംബം: നായരംബലത്തമ്മ (ഡോക്യുമെന്ററി)

Search.web